പൂഞ്ഞാർ ആറും (തെക്കനാറ്) തീക്കോയി ആറും (വടക്കനാറ്) സംഗമിച്ച് മീനച്ചിലാർ രൂപംകൊള്ളുന്ന ഈ സ്ഥലം, ഈരാറുകൾക്ക് ഇടയിലുള്ള സ്ഥലം എന്ന അർത്ഥത്തിൽ ഈരാറ്റിട എന്നാണ് അറിയപ്പെട്ടിരുന്നത്. ഈരാപൊലി, ഈരാപ്പുഴ, ഈരാറ്റുപുഴ ഇവയെല്ലാം ഈ പേരിന്റെ രൂപ പരിണാമങ്ങളായിരുന്നു. (ഇവിടത്തെ പ്രസിദ്ധമായ ക്രിസ്ത്യൻ ദേവാലയമായ സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളുടെ പേര് പ്രഖ്യാപിക്കുമ്പോൾ പ്രധാന കാർമികൻ ഈരാറ്റുപുഴ എന്ന പേര് തന്നെയാണ് ഇപ്പോഴും വിളിച്ചുപറയുന്നത്). ഈരാറുകൾ യോജിച്ച് പുഴയായിത്തീരുന്ന ഈരാറ്റു'പുഴ' ഈരാറ്റു'പേട്ട'യായി മാറിയത് ഈ നാടിന്റെ കേവലം കുഗ്രാമത്തിൽനിന്നും വാണിജ്യ കേന്ദ്രത്തിലേക്കുള്ള പുരോഗതിയുടെ സൂചന കൂടിയാണ്. 'പേട്ട' എന്ന വാക്കിന് ശബ്ദതാരാവലി നൽകിയിരിക്കുന്ന അർത്ഥം പ്രത്യേക കച്ചവട സ്ഥലം, അങ്ങാടി, നഗര പ്രാന്തത്തിലെ ചന്ത, താവളം എന്നൊക്കെയാണ്. ഈ എല്ലാ അർത്ഥത്തിലും ഇത് പേട്ടയായിത്തീരുകയായിരുന്നു. പ്രകൃതിദത്തമായ ഒരു ഉൾനാടൻ തുറമുഖത്തിന്റെ പ്രൌഢിയുള്ള വാണിജ്യ കേന്ദ്രമായതോടൊപ്പം തമിഴ്‌നാട്ടിൽനിന്നും പതിനെട്ടാം ശതകം വരെ കച്ചവട ചരക്കുകളുമായെത്താറുണ്ടായിരുന്ന കാളവണ്ടികളുടെ താവളവുമായിരുന്നു ഈരാറ്റുപേട്ട. നാട്ടുരാജ്യമായിരുന്ന പൂഞ്ഞാറിന്റെ സൈനികരെ വിന്യസിച്ചിരുന്ന സൈനികത്താവളവും ഇതു തന്നെയായിരുന്നു.
ഈരാറ്റുപേട്ടയിൽ പാലങ്ങൾ വരുന്നതിന് മുമ്പ് മീനച്ചിലാറും പോഷക നദികളും ചേർന്ന് മൂന്നായി കീറിമുറിച്ച പ്രദേശമായിരുന്ന് ഇത്. വർഷകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊകങ്ങളിൽ കിഴക്കേക്കര ഒരു ദ്വീപ് പോലെ ഒറ്റപ്പെടുമായിരുന്നു. അതി സാഹസികൻമാർ വെള്ളം നീന്തി കടന്ന് ലക്ഷ്യത്തിലെത്തുമായിരുന്നു. നിശ്ചിത ഇടവേളകളിൽ കരകവിയാറുണ്ടായിരുന്നെങ്കിലും മീനച്ചിലാർ ഈരാറ്റുപേട്ടയുടെ ജീവനാഡിയായിരുന്നു. വർഷകാലങ്ങളിൽ കടത്തുവള്ളങ്ങളും ചങ്ങാടങ്ങളും മൂന്നു കരകളേയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന രണ്ടാറ്റും മുന്നി ഇന്ന് ഒരോർമ മാത്രമാണ്. പടിഞ്ഞാറുനിന്നും പലചരക്കുകളുമായെത്തി തിരികെ മലഞ്ചരക്കുകളുമായി പോകാൻ നിരനിരയായി കാത്തുകെട്ടിക്കിടക്കുന്ന കെട്ടുവള്ളങ്ങൾ മുക്കടയുടെ വാണിജ്യ മേൽക്കോയ്മ വിളിച്ചോതുന്നുവയായിരുന്നു. ഹരിക്കലാമ്പും കത്തിച്ചുവെച്ച് നിരനിരയായി പടിഞ്ഞാറോട്ട് നീങ്ങുന്ന തടിച്ചങ്ങാടങ്ങൾ രാത്രികാലങ്ങളിലെ പതിവു കാഴ്ചകളായിരുന്നു. പുറംനാടുകളിലേക്ക് തടികൾ എത്തിച്ചിരുന്ന പ്രകൃതിദത്തമായ മാർഗ്ഗമായിരുന്നു അത്. ആലപ്പുഴ തുറമുഖം വികസിക്കുന്നതിന് മുമ്പ് ഒരു ഉൾനാടൻ തുറമുഖം തന്നെയായിരുന്നു ഈരാറ്റുപേട്ട.
വേനൽക്കാലമായിക്കഴിഞ്ഞാൽ ചാലിട്ടൊഴുകുന്ന കൊച്ചരുവിയായി മാറുന്ന ആ തെളിനീർ പ്രവാഹത്തിന്റെ ഇരുവശങ്ങളിലും ശുഭ്രസുന്ദരമായ മണൽപ്പുറം രൂപംകൊള്ളും. പിന്നീടത് ഈരാറ്റുപേട്ടയുടെ സാംസ്കാരിക കേന്ദ്രമാണ്. നിരവധി താൽക്കാലിക കച്ചവട പീടികകൾ ഉയർന്നുവരുന്നു. അതോടെ ഉത്സവങ്ങളുടേയും മേളകളുടേയും മഹാസമ്മേളനങ്ങളുടേയും വേദിയായിമാറുകയായി. ദേശീയ പ്രസ്ഥാനത്തിന് ഉത്തേജനം പകരാൻ മകൾ ഇന്ദിരയുമൊത്ത് വന്ന ജവഹർലാൽ നെഹ്റുവിന് ആതിഥ്യമരുളിയത് ഈ മണൽപ്പുറത്തായിരുന്നു. മനുഷ്യന്റെ കൈകടത്തിൽമൂലം ഇന്ന് മണൽപ്പുറമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു.
ഈരാറ്റുപേട്ടയിൽ ജനവാസം എന്നു തുടങ്ങിയെന്നനുമാനിക്കാൻ പറ്റിയ രേഖകളൊന്നുമില്ല. എങ്കിലും ക്രിസ്തുവിനു മുമ്പു തന്നെ ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. മണ്ണിന്റെ മക്കളായ അവർ ഏതെങ്കിലും പ്രത്യേക ജാതിവിഭാഗത്തിൽ പെട്ടവരായിരുന്നു എന്ന് കരുതാൻ നിർവാഹമില്ല. വ്യത്യസ്ത ജാതികളും ഉപജാതികളും ഉണ്ടായിരുന്നു. പരമ്പരാഗതമായി നിലനിൽക്കുന്ന ചില വീട്ടുപേരുകൾ ഈ വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. കൊല്ലൻപറമ്പ്,ആശാരിപറമ്പ്, തട്ടാൻപറമ്പ്, മനയ്ക്കപ്പറമ്പ്, കണിയാൻകുന്ന് തുടങ്ങിയവ ഉദാഹണം. ഈ ജാതികളിൽ പെട്ടവർ സ്ഥിര താമസമാക്കിയിരുന്ന പ്രദേശങ്ങൾ മുസ്ലിംകളുടെ കൈവശമെത്തിയപ്പോഴും ഒരു മേൽവിലാസമെന്ന നിലയിൽ അതേ പേരുകൾ തന്നെ നിലനിർത്തിയതായിരിക്കാം എന്ന് അനുമാനിക്കുന്നു. അന്ന് ഉണ്ടായിരുന്ന പ്രബല കുടുംബങ്ങൾ ആണ് കൊല്ലംപറമ്പ് , തട്ടാം പറമ്പു ,മുണ്ടക്കയ പറമ്പു ,മാറ്റകൊമ്പനാൽ ,നാകുന്നത് ,ആശാരി പറമ്പു ,മനയ്ക്കപ്പറമ്പ്, കണിയാൻകുന്ന് .ഇന്നു ഈ തലമുറ വളർന്നു പല പേരിൽ അറിയപ്പെടുന്നുകൊട്ടാരത്തിൽശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഈരാറ്റുപേട്ടയെക്കുറിച്ച പരാമർശങ്ങളുണ്ട്.
എ.ഡി600കളിൽ തന്നെ ഇസ്ലാം മത പ്രചാരകർ ഇവിടെയെത്തിയതായി കരുതപ്പെടുന്നു. ക്രിസ്തുമത പ്രചാരകനായ സെന്റ് തോമസും ഇവിടം സന്ദർശിച്ചിരുന്നു.
- 1432 views